നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ

പുല്പള്ളി: നാട്ടുകാർക്കെന്നപോലെ സിനിമാമേഖലയിലും പ്രിയങ്കരനായ ഷാബുവിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ഉറ്റവർ. സിനിമാ മേക്കപ്പ് മാനായ ശശിമല ആലിക്കൽ ഷാബു (37) വിന്റെ മരണവാർത്ത ഞെട്ടലോടെയാണ് നാടും ചലച്ചിത്രലോകവും കേട്ടത്.

ഞായറാഴ്ച രാത്രി വൈകി ഷാബുവിനെ മരണവാർത്ത അറിഞ്ഞതുമുതൽ സാമൂഹികമാധ്യമങ്ങളിലടക്കം അനുശോചനവുമായി ചലച്ചിത്രരംഗത്തെ പ്രമുഖരെത്തി.

എട്ടുവർഷമായി നിവിൻപോളിയുടെ മേക്കപ്പ് മാനായി പ്രവർത്തിക്കുന്ന ഷാബു ഷൂട്ടിങ് ലൊക്കേഷനുകളിൽ നിറസാന്നിധ്യമായിരുന്നു. പുതിയ തീരങ്ങൾ എന്ന സിനിമ മുതലാണ് നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് മാനായത്. അജു വർഗീസ്, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഗീതു മോഹൻദാസ്, ജോജു ജോർജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം പങ്കുവെച്ചു.

‘ഷാബു ഏട്ടാ…ആ കടം വീട്ടാൻ എനിക്കായില്ല … മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ..നിവിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്നു ഷാബു ഏട്ടൻ.

ഞങ്ങളുടെ തട്ടത്തിൻമറയത്ത് സിനിമയുടെ സമയംമുതൽ അദ്ദേഹം അടുത്ത സുഹൃത്താണ്. നീണ്ട എട്ടുവർഷങ്ങൾ. ഈ വേർപാടിൽനിന്നും കരകയറാൻ അങ്ങയുടെ കുടുംബത്തിന് കരുത്തും ശക്തിയും ലഭിക്കണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു. ആത്മശാന്തി നേരുന്നു ഷാബുച്ചേട്ടാ’ -അജു വർഗീസ് കുറിച്ചു.

‘ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു’ എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.

“ബാംഗ്ലൂർ ഡേയ്സ്, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിൽ ഷാബുവിനൊപ്പം പ്രവർത്തിക്കാനായതിന്റെ ഓർമകൾ എന്നുമുണ്ടാകും. ഈ കഠിനമായ സമയത്തിലൂടെ കടന്നു പോകാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് കരുത്തു ലഭിക്കട്ടേയെന്ന് ഞാൻ പ്രാർഥിക്കുന്നു.

ഷൂട്ടിങ്ങ് സമയത്ത് ഞങ്ങളെ സഹായിക്കുന്ന, ഞങ്ങൾക്ക് കരുതൽനൽകുന്ന ഓരോരുത്തരും അവസാനം ഞങ്ങളുടെ കുടുംബാംഗങ്ങളായിത്തന്നെ മാറാറുണ്ട്. നിവിൻ നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെന്തെന്ന് ആലോചിക്കാനാവുന്നില്ല. ഈ നഷ്ടം നികത്താനാവില്ല. നിനക്കും റിന്നയ്ക്കും പ്രാർഥനകളും സ്നേഹവും. നടൻ ദുൽഖർ സൽമാൻ കുറിച്ചു.

ഞായറാഴ്ച വൈകുന്നേരം വീടിന് സമീപത്തെ മരത്തിൽ കയറി ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെയാണ് ഷാബു മരത്തിൽനിന്നു വീണത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്ത സ്രാവത്തെത്തുടർന്ന് മരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: അബിൻദേവ് കൃഷ്ണ, ഗൗരി ദക്ഷ. മേക്കപ്പ് മാൻ ഷാജി പുല്പള്ളി സഹോദരനാണ്