കൽപ്പറ്റ : ഇഞ്ചി വില ഉയരാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്ന മലയാളി കർഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. കർണാടകത്തിൽ കുടക് മേഖലയിലാണ് സ്ഥലം പാട്ടത്തിനെടുത്ത് മലയാളികൾ ഇഞ്ചി കൃഷി ചെയ്യുന്നത്. ഇവരിലേറെയും വയനാട്ടിൽ നിന്നുള്ള കർഷകരാണ്. ഇപ്പോൾ 900 മുതൽ 1000 രുപ വരെയാണ് കർണാടകയിൽ 60 കിലോ ചാക്ക് ഇഞ്ചിക്ക് കിട്ടുന്ന വില. കഴിഞ്ഞവർഷം പുതിയ ഇഞ്ചിക്ക് 2,500 മുതൽ 3,000 രൂപ വരെ വില കിട്ടിയിരുന്നു. വിളവെടുക്കാതിരുന്ന പഴയ ഇഞ്ചിക്ക് 4000 മുതൽ 4200 രൂപ വരെയാണ് വില.
കഴിഞ്ഞവർഷം ഇതേ സമയം 8,000 മുതൽ 10,000 രൂപ വരെ പഴയ ഇഞ്ചിക്ക് വില കിട്ടിയിരുന്നു. വയനാട്ടിൽ പഴയ ഇഞ്ചിക്ക് 2,500 മുതൽ 3000 രൂപ വരെയെ ലഭിക്കുന്നുള്ളു. അയൽ സംസ്ഥാനങ്ങളിൽ ഇഞ്ചി കൃഷി ചെയ്യാൻ ഒരേക്കറിന് ആറ് ലക്ഷം രുപ വരെ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്. ശരാശരി ഒരേക്കറിൽ നിന്നും 400 ചാക്ക് വരെ ഇഞ്ചി ലഭിക്കുമെങ്കിലും വില ഇല്ലാത്തത് മൂലം മുടക്ക് കാശ് പോലും കിട്ടാത്ത അവസ്ഥയാണ്.
ലോക്ക് ഡൗൺ പ്രതിസന്ധികൾക്കൊപ്പം വിലയിടിവും കൂടിയായതോടെ പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ. കടം വാങ്ങി കൃഷിയിറക്കിയവർ ആണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
വയനാട്ടിൽ ഇഞ്ചി സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള മുറവിളി കേൾക്കാൻ സർക്കാർ തയാറാവുകയാണെങ്കിൽ വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോകാമെന്ന് കർഷകർ പറയുന്നത്. ജില്ലയിൽ രൂക്ഷമായ കാർഷിക പ്രതിസന്ധിയെ തുടർന്ന് ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്ത് ഇഞ്ചി കൃഷിക്ക് പോയ ഇടത്തരം കർഷകരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്.
കുടക് മേഖലകളിലെ പ്രദേശവാസികൾ സ്വന്തമായി ഇഞ്ചി കൃഷി ചെയ്യാൻ തുടങ്ങിയതും ഇഞ്ചി ഉൽപാദനം വർധിക്കാൻ കാരണമായിട്ടുണ്ട്.
കൊവിഡിനെ തുടർന്ന് ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ ഇഞ്ചി കൃഷി ചെയ്തിരുന്നത്.
The Best Online Portal in Malayalam