സുൽത്താൻ ബത്തേരി: നഗരസഭയിൽ റിപോളിംഗ് നടന്ന തൊടുവട്ടിയിൽ യു ഡി എഫിന് വിജയം. യു ഡി എഫിൻ്റെ അസീസ് മാടാലയാണ് വിജയിച്ചത്. തൊട്ടടുത്ത എതിർസ്ഥാനാർഥിയെ 136 വോട്ടുകൾക്കാണ് പരാജയ പെടുത്തിയത്.
സ്വതന്ത്ര സ്ഥാനാർഥിയായ അസൈനാർ 255 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൽ ഡി എഫിൻ്റെ പി എം ബിരാൻ 167 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ സുധിന് 16 വോട്ടുകൾ ലഭിച്ചത്. തൊടുവട്ടി ഡിവിഷൻ കൂടി ലഭിച്ചതോടെ യു ഡി എഫിനു നഗര സഭയിൽ 11 സീറ്റുകൾ ലഭിച്ചു.
എൽ ഡി എഫിന് 23 സീറ്റുകൾ ലഭിച്ച് നേരത്തെ തന്നെ ഭരണം ഉറപ്പിച്ചിരുന്നു.
അവശേഷിക്കുന്ന ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.
ഇക്കഴിഞ്ഞ് 16ന് നടന്ന വോട്ടെണ്ണൽ ദിനത്തിൽ ഡിവിഷനിലെ വോട്ടുകൾ വീണ്ടെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവിടെ വീണ്ടും പോളിംഗ് നടത്തിയത്. പത്തിന് നടന്ന പോളിംഗിൽ യന്ത്രതകരാർ കാരണം മൂന്ന് മെഷിനുകളിലായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. തുടർന്ന് വൊട്ടെണ്ണൽ ദിനത്തിൽ രണ്ട് മെഷിനൂകളിലെ വോട്ടുകൾ മാത്രമാണ് തിരിച്ചെടുക്കാൻ സാധിച്ചത്. ഒരു മെഷിനിലെ വോട്ടുകൾ തിരിച്ചെടുക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇവിടെ റി പോളിംഗ് നടത്തിയത്.
റി പോളിംഗിൽ 76.67 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 1079 വോ്ട്ടർമാരുള്ള ഡിവിഷനിൽ 815 പേരാണ് പോൾ ചെയ്തത്. ഇക്കഴിഞ്ഞ 10ന് നടന്ന പോളിംഗിൽ 77.61 ശതമാനം വോട്ടാണ് രേഖപെടുത്തിയത്.