വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു. വ്യാപാരിക്കും ഭാര്യക്കുമെതിരെ കേസ് എടുത്തു. കേണിച്ചിറ സൊസൈറ്റി കവലയിലെ ടാപ്പി ടൈം മാർട്ട് എന്ന സൂപ്പർമാർക്കറ്റ് നടത്തുന്ന മീനങ്ങാടി കാര്യമ്പാടി സ്വദേശിയായ ജയിലാവുദ്ദീനെ (47) തിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ പത്തിന് ഇദ്ദേഹത്തിൻ്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. സന്നദ്ധ പ്രവർത്തകരാണ് പി പി ഇ കിറ്റണിഞ്ഞ് സംസ്കാരം നടത്തിയത്. എന്നാൽ ഇവർക്കൊപ്പം സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സംസ്കാര ചടങ്ങിൽ ജയിലാവുദ്ദീൻ പങ്കെടുക്കുന്ന വീഡിയോ നാട്ടിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹവും കുടുംബവും നിരീക്ഷണത്തിൽ പോകാതെ പിറ്റേ ദിവസം മുതൽ കട തുറന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചു. കേണിച്ചിറ സ്റ്റേഷൻ പോലീസ് സബ് ഇൻസ്പെക്ടർ ടി കെ ഉമ്മർ, സിവിൽ പോലീസ് ഓഫീസർ എം എ ശിഹാബ് എന്നിവർ അന്വേഷണത്തിനെത്തിയപ്പോൾ ഇദ്ദേഹവും ‘ഭാര്യയും സംഭവം നിഷേധിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ പോലീസിന് തെളിവ് ലഭിച്ചതോടെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് കട അടപ്പിച്ചത്. ഇരുവരെയും നിരീക്ഷണത്തിലാക്കി. മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ താമസക്കാരായതിനാൽ മീനങ്ങാടി പോലീസും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും തുടർ നടപടികൾ സ്വീകരിക്കും.