വയനാട്ടിൽ സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി; 200ൽ അധികം ബസ്സുകൾ സ്റ്റോപ്പേജ് നൽകി

സുൽത്താൻ ബത്തേരി: കൊവിഡ് 19 പശ്ചാതലത്തിൽ സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികാരണം സർവ്വീസുകൾ നടത്താൻ പറ്റാത്ത സാഹചര്യമാണ് ഉടമകൾ നേരിടുന്നത്. ഈ അവസ്ഥയിലാണ് സർവ്വീസുകൾ നഷ്ടം സഹിച്ച് നടത്താനാവില്ലന്ന് കാണിച്ച് ഉടമകൾ സ്‌റ്റോപ്പേജ് നൽകിയിരിക്കുന്നത്. ജില്ലയിൽ സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന 300-ാളം സ്വകാര്യ ബസ്സുകളിൽ 200ലധികം ബസ്സുകളും സ്‌റ്റോപ്പേജ് നൽകിയെന്നാണ് ഉടമകൾ പറയുന്നത്. കൊവിഡ പശ്ചാതലത്തിൽ എല്ലാ റൂട്ടുകളിലും ലോക്ക് ഡൗണിനുശേഷം പരീക്ഷണാർത്ഥം സർവ്വീസുകൾ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ വൻസാമ്പത്തിക ബാധ്യതയാണ് ഉടമകൾക്ക് ഉണ്ടായത്. സർവ്വീസ് നടത്തിയ റൂട്ടുകളിൽ തൊഴിലാളികൾക്ക് കൂലി നൽകാനുള്ള കളക്ഷൻപോലും ലഭിക്കുന്നില്ല. കൊവിഡ് 19 ഭീതിയിൽ യാത്രക്കാർ ഭൂരിപക്ഷവും സ്വന്തം വാഹനവുമായാണ് പുറത്തിറങ്ങുന്നത്. ഇതാണ് പൊതു ഗതാഗതമേഖലയിൽ യാത്രക്കാർ കുറയാൻ കാരണം. പലപ്പോഴും രണ്ടോ മൂന്നോ യാത്രക്കാർക്കായി പത്തും ഇരുപതും കിലോമീറ്ററുകൾ ഓടേണ്ട അവസ്ഥയിലാണ് ബസ്സുകൾ. എന്നാൽ ഇന്ധനചെലവിന് കുറവുമില്ല. ഇതോടെയാണ് ഇനിയും നഷ്ടം സഹിച്ച് സർവ്വീസ് നടത്താനാകില്ലന്ന തീരുമാനത്തിലേക്ക് ഉടമകൾ എത്തിയത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ബസ്സുകളുടെ ടാക്‌സ് ഡിസംബർ മാസം വരെ ഒഴിവാക്കുകയും, ഇന്ധനത്തിന് സബ്- സീഡി നൽകുകയുമാണ് ചെയ്യേണ്ടതെന്നുമാണ് ഉടമകൾ ആവശ്യപ്പെടുന്നത്.