ആസ്റ്റർ വയനാട് സ്പോർട്സ് ഇഞ്ചുറി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ജില്ലയിലെ സ്പോർട്സ് പ്രേമികൾക്ക് ആശ്വാസമായി
ആസ്റ്റർ വയനാടിൽ ആരംഭിച്ച സ്പോർട്സ് ഇഞ്ചുറി ക്ലിനിക്കിന്റെ ഉത്ഘാടനം പ്രശസ്ത ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം ശ്രീ അനസ് ഇടത്തോടിക നിർവ്വഹിച്ചു.
വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും കായിക താരങ്ങൾക്ക് ഏറെ ആശ്വാസവും അതിലേറെ സന്തോഷവും നൽകുന്ന കാര്യമാണ് വയനാട്ടിൽ ഒരു സമ്പൂർണ സ്പോർട്സ് ഇഞ്ചുറി സെന്റർ ആരംഭിക്കുക എന്നത്. അത് ആരോഗ്യ മേഖലയിലെ പരിചയസമ്പന്നരായ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ വയനാട്ടിലെ സംരംഭമായ ആസ്റ്റർ വയനാട്ടിൽ നിന്നാകുമ്പോൾ ആ സന്തോഷം ഇരട്ടിക്കുന്നു എന്നും ശ്രീ അനസ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിർധന കുടുംബത്തിൽ നിന്നുള്ള കളിക്കാർക്ക് എല്ലാവിധ പിന്തുണകളും ആവശ്യമായ ചികിത്സകളും മറ്റെവിടുത്തെക്കാളും കുറഞ്ഞ നിരക്കിൽ നൽകണമെന്ന ശ്രീ അനസിന്റെ നിർദ്ദേശം അങ്ങനെ തന്നെ നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.


വിദഗ്‌ദ്ധരായ ഓർത്തോ ഡോക്ടർമാരുടെയും ഫീസിയോ തെറാപ്പിസ്റ്റുകളുടെയും പിന്തുണയോട് കൂടി തുടങ്ങുന്ന ആസ്റ്റർ വയനാട് സ്പോർട്സ് ഇഞ്ചുറി സെന്ററിന്റെ ഉത്ഘാടന ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ യു.ബഷീർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത, മെഡിക്കൽ സുപ്രണ്ട് ഡോ മനോജ്‌ നാരായണൻ, സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ശശികുമാർ എസ്,എ ജി എം ശ്രീ സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ ഷാനവാസ്‌ പള്ളിയാൽ, സലീം കടവൻ, ബിനു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.