കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ മരണത്തിന്നിടയാക്കിയ, ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും സുൽത്താൻബത്തേരി പോലീസ് പിടികൂടി. വാഹനം ഓടിച്ച കുപ്പാടി കടമാഞ്ചിറ ചെട്ട്യാങ്കണ്ടി പി.കെ. ജിനേഷ് (39)നെ അറസ്റ്റ് ചെയ്തു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ വീട്ടില്‍ കെ.ആര്‍. രഞ്ജിത്ത് (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് മുന്നിലെ ബത്തേരി-പുല്പള്ളി റോഡിലാണ് അപകടമുണ്ടായത്. ബത്തേരി ഡിപ്പോയിലെ കണ്ടക്ടറായ രഞ്ജിത്ത് ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്നതനിടെയാണ് കാറിടിച്ച് തെറിപ്പിച്ചത്.
അപകടശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ മൊഴിയും, ഈ റോഡിലെ വിവിധ സ്ഥലങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ ചുവന്ന നിറത്തിലുള്ള ഒമിനി വാന്‍ കണ്ടെത്തിയത്. ബത്തേരി ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍, എസ്.ഐ. സണ്ണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The Best Online Portal in Malayalam