സുൽത്താൻ ബത്തേരിയുടെ ഐ സി ക്ക് ഇത് മൂന്നാം വിജയം;11822 വോട്ട് ലീഡ്നേടിയാണ് അത്യുജ്ജ്വല വിജയചരിത്രം ആര്‍ത്തിച്ചത്

സുൽത്താൻ ബത്തേരിയുടെ ഐ സി ക്ക് ഇത് മൂന്നാം വിജയം;11822 വോട്ട് ലീഡ്നേടിയാണ് അത്യുജ്ജ്വല വിജയചരിത്രം ആര്‍ത്തിച്ചത്.

നേരത്തേ ഉറപ്പിച്ച രീതിയിലായിരുന്നു ലീഡ് നില. കോൺഗ്രസ് വിട്ട് ഇടതിനൊപ്പം ചേർന്ന് സ്ഥാനാർഥിയായ എം എസ് വിശ്വനാഥനും എൻ ഡി എ സ്ഥാനാർഥിയായ സി കെ ജാനുമാണ് എതിരാളികൾ. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ സി ബാലകൃഷ്ണന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. വാളാട് ഗവ. എച്ച് എസിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം 1994-95 കാലഘട്ടത്തിലാണ് ഐ സി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതല്‍ 2004 വരെ യൂത്ത് കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചുജയിച്ച ബാലകൃഷ്ണന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2011 വരെ തവിഞ്ഞാല്‍ ഡിവിഷനെ പ്രതിനീധികരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ഇതിനിടെ 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും അദ്ദേഹം ചുമതലയേറ്റു. നിലവില്‍ ഡി സി സി പ്രസിഡന്റാണ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണന്‍ എതിര്‍സ്ഥാനാര്‍ഥി എല്‍ ഡി എഫിലെ ഇ എ ശങ്കരനെ 7583 വോട്ടിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ബത്തേരി മണ്ഡലത്തില്‍ രണ്ടാമതും മത്സരിക്കാനെത്തിയ ഐ സി എല്‍ ഡി എഫിലെ രുഗ്മിണി സുബ്രഹ്മണ്യനെ 11198 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ബത്തേരി മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനാണ് ഐ സി ബാലകൃഷ്ണനിറങ്ങുന്നത്. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ ഏക നിയമസഭ നിയോജക മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. 2011 മുതല്‍ മണ്ഡലം പട്ടിക വര്‍ഗ്ഗ സംവരണമാണ്.