സുൽത്താൻ ബത്തേരിയിൽ വീണ്ടും ഒരു കൊവിഡ് പോസിറ്റീവ് കൂടി സ്ഥിരികരിച്ചു

സുൽത്താൻ ബത്തേരി : ബത്തേരിയിൽ കഴിഞ്ഞ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ ഒരു കൊവിഡ് കേസ് സ്ഥിരികരിക്കുകയുണ്ടായി.ബത്തേരി തൂലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് ചെതലയം സ്വദേശിയായ 22 കാരന് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഇതോടെ രോഗവ്യാപനം ഉണ്ടായ ബത്തേരിയിലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം ഇരുപത്തിനാല് ആയി ഉയർന്നു .
ബത്തേരിയിലെ പലചരക്ക് മൊത്തവ്യാപര കേന്ദ്രത്തിൽ നിന്ന് രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 21 പേരുടെ ശ്രവ പരിശോധനയാണ് ഇന്നലെ നടത്തിയത്. ഇതിലാണ് ഒരാൾക്ക് പോസിറ്റീവ് കാണപ്പെട്ടത്. മൊത്തവ്യാപാര സ്ഥാപനമായതിനാൽ ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി കടകളിൽകൊണ്ടുപോയി കച്ചവടം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ സമ്പർക്ക പട്ടികയും വളരെ വലുതാണ്.
ബത്തേരിയിലും പരിസര പ്രദേശങ്ങളിലും രോഗവ്യാപനം കാര്യമായി ഉണ്ടായതിനാൽ വിവിധ കേന്ദ്രങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ടീം ആന്റിജൻ ടെസ്റ്റ് നടത്തുകയുണ്ടായി. ബത്തേരി താലൂക്ക് ആശുപത്രിയിൽ തുടർച്ചയായി ശ്രവ പരിശോധന നടത്തുന്നുമുണ്ട്. രോഗപ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി ആഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ അഞ്ച് വരെയായി ബത്തേരി നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വിവിധ വകുപ്പ് തലവന്മാരുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.