Headlines

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായോ? തിരിച്ചടിയെ പ്രതിരോധിക്കാന്‍ ജാഥകളുമായി എല്‍ഡിഎഫ്

കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണം എന്താണ്? ശബരിമല സ്വര്‍ണക്കൊള്ളയാണോ? അതോ ശക്തമായ ഭരണവിരുദ്ധ വികാരമാണോ? കാരണങ്ങള്‍ എന്തായാലും തിരിച്ചടിയുടെ ആഘാതത്തിലാണ് ഇടതുമുന്നണി. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന കൗണ്‍സിലും പരാജയ കാരണങ്ങള്‍ വിലയിരുത്തി. വളരെ വ്യത്യസ്തമായ വിലയിരുത്തലുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും നടത്തിയത്.സംസ്ഥാനത്ത് ഭരണവിരുദ്ധതവികാരം ഇല്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് സിപിഐഎം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ജനുവരി 15 മുതല്‍ ഗൃഹ സന്ദര്‍ശന പരിപാടി പ്രഖ്യാപിച്ചിരിക്കയാണ് സിപിഐഎം. ഇതോടൊപ്പം രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്. മൂന്ന് മേഖലകളായാണ് ജാഥ നടക്കുക.

പ്രാദേശികതലത്തില്‍ ഉണ്ടായ സംഘടനാ പ്രശ്നങ്ങളാണ് തോല്‍വിക്കുള്ള ഒരു കാരണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. അമിതമായ ആത്മവിശ്വാസവും തോല്‍വിക്ക് കാരണമായത്രേ. സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു തരത്തിലുള്ള അഭിപ്രായഭിന്നതയും ഇല്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി സിപിഐഎം ഗൃഹസമ്പര്‍ക്ക പരിപാടിയും ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ജാഥയും നടത്താന്‍ ഒരുങ്ങുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവര്‍ ക്യാപ്റ്റന്‍മാരായുള്ള ജാഥയാണ് രാഷ്ട്രീയ വിശദീകരണം നല്‍കുക. കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണി വിടുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി ജോസ് കെ മാണിയെ നിയോഗിക്കുന്നത്. മധ്യകേരളത്തില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.