Logo
live TV
Advertisement
Kerala News
ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണം; ആലപ്പുഴയിൽ കോഴി വിഭവങ്ങൾ നിരോധിച്ചതിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കെഎച്ച്ആർഎ
24 Web Desk
27 minutes ago
Google News
2 minutes Read
ആലപ്പുഴയിലെ ചിക്കൻ നിരോധനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്
അസോസിയേഷൻ(KHRA). ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന് നിഷേധാത്മക നിലപാടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കുന്നവരെ പോലും ഇറക്കി വിട്ട് ഹോട്ടലുകൾ അടപ്പിക്കുന്നു. ബഹുരാഷ്ട്ര ഫ്രൈഡ് ചിക്കൻ സ്ഥാപനങ്ങൾക്ക് മാത്രം ചിക്കൻ വിൽക്കാൻ അനുമതി നൽകിയതിനെയും കെഎച്ച്ആർഎ ചോദ്യം ചെയ്തു.
അതേസമയം കോഴി വിഭവങ്ങൾ നിരോധിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിടും. പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ നിരോധിക്കാനുള്ള തീരുമാനം അശാസ്ത്രീയമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്.
ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹോട്ടൽ ഉടമകൾ കളക്ടറെ കണ്ടിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു. വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ അടക്കം 1500ലധികം ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകും. ചിക്കൻ വിഭവങ്ങളുടെ നിരോധനത്തിന്റെ ആദ്യഘട്ടം നാളെയാണ് അവസാനിക്കുക.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കള്ളിങ് നടത്തിയ പ്രദേശങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ചിക്കൻ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. അതേസമയം 31 വരെയുള്ള നിരോധനത്തിൻ്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു.








