കോഴിക്കോട് ഏഴു വയസുകാരി അദിതി നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ നിലവിൽ വധശിക്ഷ നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചാണ് പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ പിഴയും ചുമത്തി. ചാരണ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
ഇന്നലെയാണ് പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 2013 ഏപ്രിൽ 19നാണ് അദിതി കൊല്ലപ്പെട്ടത്. മരക്കഷണം കൊണ്ടും, കൈകൾ കൊണ്ടും അടിക്കുകയും, മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മതിയായ ഭക്ഷണം നൽകാതെ കുട്ടികളെ പട്ടിണിക്കിടുകയും പതിവായിരുന്നു. വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിച്ചു. അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു. ശരീരത്തിൽ ഏറ്റവും മുറിവുകൾക്ക് ചികിത്സ നൽകിയിരുന്നില്ല.
ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾ തുടർച്ചയായ ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
കുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായത് സഹോദരൻ അരുണിൻ്റെ മൊഴികളായിരുന്നു. അച്ഛനും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരുക്കും പ്രധാനമായിരുന്നു.






