തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകലുന്നുവെന്ന് സിപിഐഎം തൃശ്ശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് സംഘടനാ ദൗര്‍ബല്യമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഐക്കുള്ളിലെ തര്‍ക്കങ്ങള്‍ കൊടുങ്ങല്ലൂരില്‍ തോല്‍വിക്കിടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളിയെന്നും കുറ്റപ്പെടുത്തല്‍.
സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്ക് വിമര്‍ശനമുണ്ട്. സിപിഐക്കുള്ളിലെ തര്‍ക്കങ്ങള്‍ കൊടുങ്ങല്ലൂരില്‍ തോല്‍വിക്കിടയാക്കി. തൃശൂരില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളി. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കാനായിരുന്നെങ്കില്‍ നില മെച്ചപ്പെടുത്താന്‍ ആയേനെയെന്നും വിലയിരുത്തലുണ്ട്. ആളുകള്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.
കേരള കോണ്‍ഗ്രസിന് സീറ്റ് കൈമാറിയതാണ് ചാലക്കുടിയില്‍ തോല്‍വിക്കിടയാക്കിയതെന്നും വിമര്‍ശനമുയര്‍ന്നു. സംഘടനാ പ്രശ്നങ്ങള്‍ ചാലക്കുടിയേയും ബാധിച്ചു. തോല്‍വിയിലും തൃശൂരിന് പിടിച്ചുനില്‍ക്കാനായത് സംഘടനാരംഗത്ത് പുലര്‍ത്തുന്ന നീതി കാരണമാണ്. നീതിപുലര്‍ത്തുന്ന ജില്ലാ കമ്മിറ്റിയാണ് തൃശൂര്‍. നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുണ്ട്. കീഴ്ഘടകങ്ങള്‍ അടക്കം ഉണര്‍ന്നു പ്രവര്‍ത്തിക്കണം – റിപ്പോര്‍ട്ടില്‍ പറയുന്നു.









