വയനാട്/തിരുവനന്തപുരം: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി കെ റഫീക്കിന് വിമര്‍ശനം. ഇടപെടലുകളും പ്രതികരണങ്ങളും അപക്വമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയോട് അകന്നുനില്‍ക്കുന്നവരെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, പിന്നാലെ ജില്ലാ സെക്രട്ടറി കെ റഫീഖ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് മേലുള്ള ചര്‍ച്ച ഇന്നും തുടരും. (K. Rafeeq faces criticism)
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, പി കെ ബിജു, എം വി ജയരാജന്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജോണ്‍ ബ്രിട്ടാസ്, പി ജയരാജന്‍ എന്നിവരും ജില്ലയില്‍ നിന്നുള്ള 85 പ്രതിനിധികളും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം,സിപിഐഎം തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി മാറില്ല. വി.ജോയി ജില്ലാ സെക്രട്ടറിയായി തുടരും. എംഎല്‍എയായ വി. ജോയി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ വിമര്‍ശനമുണ്ട്. ജില്ലാ സെക്രട്ടറിയേറ്റില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം
ശക്തമാണ്. ജില്ലാ സെക്രട്ടേറിയേറ്റിന് എതിരായ വിമര്‍ശനം കരട് റിപോര്‍ട്ടില്‍ ഉള്‍പെടുത്താത്തതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്. റിപോര്‍ട്ട് അംഗീകരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരും സ്ഥാനാര്‍ഥി ആകാത്തതിലും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടേറിയേറ്റിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.









