ഹോർമുസ് വീണ്ടും തുറക്കാനുള്ള വ്യവസ്ഥകൾ അറിയിച്ചതിന് പിന്നാലെ ഇറാന് മറുപടി നൽകി അമേരിക്ക. അമേരിക്കയിൽ നിന്നുള്ള നിർദേശം ലഭിച്ചതായി സർക്കാർ വക്താവ് ഫത്തേമെ മൊഹജെറാനി അറിയിച്ചു. മധ്യസ്ഥരായ ഖത്തർ വഴിയാണ് അമേരിക്ക തങ്ങളുടെ മറുപടി ഇറാന് നൽകിയിരിക്കുന്നത്. അതേസമയം അമേരിക്ക നൽകിയ മറുപടി എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ, അമേരിക്കയുടെ നിർദ്ദേശം വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഉപരോധങ്ങൾ പിൻവലിച്ചാൽ 7 ദിവസത്തിനകം ഹോർമുസ് തുറക്കാമെന്നായിരുന്നു ഇറാന്റെ നിലപാട്. സുരക്ഷാ ആശങ്കകൾ അമേരിക്ക പരിഹരിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിലെ യുഎസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. മേഖലയിൽ വെടിനിർത്തൽ, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുക, ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കൽ എന്നീ കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നത്.
പശ്ചിമേഷ്യയിൽ സമാധന ശ്രമങ്ങൾക്കിടെ, ഇറാൻ ഇനിയും കീഴടങ്ങുമോ എന്ന് അറിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇറാനെതിരായ സാമ്പത്തിക ഉപരോധം തുടരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിന്റെ നയങ്ങൾ തള്ളിക്കളയണമെന്നാണ് അമേരിക്കൻ ജനങ്ങളോട് ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സിന്റെ ആഹ്വാനം.









