Headlines

മോദിയുടെ നിർണായക യോഗം; മുതിർന്ന മന്ത്രിമാരും അജിത് ഡോവലും ഒപ്പം, അജൻഡയെന്ത്? ഹോർമുസ്സോ ട്രംപിന്റെ താരിഫ് യുദ്ധമോ?

 

മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളുമായി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക യോഗം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ, വളം മന്ത്രി ജെ.പി.നഡ്ഡ, തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് പങ്കെടുക്കുന്നത്.

 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സന്നിഹിതനാണെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യോഗത്തിന്റെ അജൻ‌ഡ വ്യക്തമല്ല. ഹോർമുസിലും ചെങ്കടലിലും പ്രതിസന്ധി കടുക്കുകയും റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ വീണ്ടും കനത്ത തീരുവ ചുമത്താൻ യുഎസ് നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം. എന്നാൽ, ഇതുതന്നെയാണോ യോഗത്തിന്റെ അജൻഡയെന്ന് വ്യക്തമല്ല.സിജെപി പ്രതിഷേധത്തെ പൊലീസ് നേരിട്ടരീതി സംബന്ധിച്ച് പാർലമെന്റിൽ പ്രതിപക്ഷവുമായി ചൂടേറിയ വാക്പോര് തുടരുന്ന പശ്ചാത്തലത്തിലുമാണ് മോദിയുടെ യോഗം. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങി 5 രാജ്യങ്ങൾ‌ക്കുമേൽ 100% അധികത്തീരുവ ചുമത്താനുള്ള ബില്ലാണ് യുഎസ് പരിഗണിക്കുന്നത്. അതേസമയം, ബിൽ ഇപ്പോൾ അനിവാര്യമാണെന്ന് തോന്നുന്നില്ലെന്നും അഥവാ നടപ്പാക്കിയാൽ റഷ്യയ്ക്ക് പുറമേ ഇറാനെയും ഉൾപ്പെടുത്തണമെന്നും ട്രംപ് പറഞ്ഞു. ഈ 5 രാജ്യങ്ങൾക്ക് പുറമേ ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കുമേലും അധികത്തീരുവ ചുമത്തണം. അതോടെ ബിൽ കൂടുതൽ ശക്തമാകുമെന്നും ട്രംപ് പറഞ്ഞു.