Headlines

ശബരിമല സ്വർണക്കൊള്ള: പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യാൻ SIT

ശബരിമല സ്വർണക്കൊള്ളയിലെ പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നൽകിയ ദിണ്ടിഗൽ സ്വദേശി ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മണിക്ക് പുറമെ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവർക്കും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

ജയിലിൽ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കൂടുതൽ ചോദ്യംചെയ്യാൻ കോടതിയിൽ എസ്ഐടി നാളെ കസ്റ്റഡി അപേക്ഷ നൽകും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ച ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണം ഗോവർധന് കൈമാറിയതായി എസ്ഐടി കണ്ടെത്തിയെങ്കിലും ഗോവർധൻ ആർക്ക് കൈമാറിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഡി.മണിക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാൻ തെളിവ് ലഭിച്ചിട്ടില്ല.