ശബരിമല സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പിന് ശേഷം തിരികെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ബെല്ലാരിയിലെ സ്വർണ വ്യാപാരിയുടെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയ 400 ഗ്രാം സ്വർണം ദ്വാരപാലക ശിൽപ്പത്തിന്റേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ശബരിമലയിലെ ഇടപാടുകള്ളും അന്വേഷിക്കും.
ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെ ജ്വല്ലറിയിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി നടത്തിയത്. ബംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതെന്നു സംശയിക്കുന്ന സ്വർണം കണ്ടെത്തിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന്റെ കൂടുതൽ ഇടപാടുകൾ പരിശോധിക്കുകയാണ് എസ്ഐടി. വാതിൽപ്പാളികളിലും കട്ടിള യിലും സ്വർണം പൂശിയത് താൻ ആണെന്നാണ് ഗോവർദ്ധന്റെ മൊഴി. ദേവസ്വം ബോർഡിന് സ്പോൺസർഷിപ്പിന്റെ രേഖകൾ നൽകിയിരുന്നു.
സന്നിധാനത്തെത്തി ബോർഡ് അംഗങ്ങളെയും കണ്ടിരുന്നുവെന്നും ഔദ്യോഗിക രേഖകൾ വന്നപ്പോൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായി മാറിയെന്നും ഗോവർദ്ധന്റെ മൊഴി .എന്നാൽ സ്വർണം പൂശാനുള്ളത് നിയോഗമായി കരുതിയതിനാൽ കാര്യമാക്കിയില്ലെന്നും മൊഴിയിലുണ്ട് . ഗൂഢാലോചനയിൽ പങ്കില്ലെന്ന് കണ്ടെത്തിയാൽ ഗോവർധനെ സാക്ഷിയാക്കാൻ എസ്ഐടി നിയമോപദേശം തേടും.
സ്വർണം വേർപ്പെടുത്തിയതിന് പണിക്കൂലിയായി നൽകിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായാണ് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെയും ചോദ്യം ചെയ്തു. ഇതിനിടെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥരുടേയും മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ പരിശോധന പൂർത്തിയായി.








