റണ്‍ മഴയ്ക്കൊടുവില്‍ ഇന്ത്യന്‍ വിജയഗാഥ; നാലാം ട്വന്റി 20 യില്‍ ശ്രീലങ്കയ്‌ക്കെതിരെ 30 റണ്‍സ് ജയം

ശ്രീലങ്കക്കെതിരായ നാലാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ പോരാട്ടം ആറിന് 191ല്‍ അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നിലാണ്. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കാര്യവട്ടത്ത് നടക്കും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. സ്മൃതി മന്ഥനയും ഷെഫാലി വര്‍മ്മയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ റെക്കോര്‍ഡ് പിറന്നു. 48 പന്തില്‍ 80 റണ്‍സാണ് സമൃതി അടിച്ചുകൂട്ടിയത്. ഷെഫാലി 46 പന്തില്‍ 76 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 162 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായി. അവസാന ഓവറുകളില്‍ റിച്ച ഘോഷും വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. 16 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് റിച്ച നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 220 കടത്തിയത് റിച്ചയുടെ ഈ പ്രകടനമാണ്. റണ്‍ നിരക്ക് 11.05 എന്ന നിലയില്‍ നിര്‍ത്തിയാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ഫോം വീണ്ടെടുത്ത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന 80 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയതിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് എന്ന നാഴികക്കല്ലും തികച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തുടക്കത്തില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളു.