Headlines

‘എല്ലാവരും വായിൽ ഇംഗ്ലീഷ് കരണ്ടിയുമായല്ല ജനിക്കുന്നത്’; എ.എ റഹീമിന് പിന്തുണയുമായി ജോർജ് കുര്യൻ

ഇംഗ്ലീഷ് ട്രോളിൽ എഎ റഹീം എംപിക്ക്‌ പരോക്ഷ പിന്തുണയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
പാവപ്പെട്ടവന്റെ മക്കൾ വായിൽ ഇംഗ്ലീഷ് കരണ്ടിയുമായല്ല ജനിക്കുന്നത്.കേരളീയനായതിൽ അഭിമാനിക്കുക. ഭാരതീയനായതിൽ അഭിമാനിക്കുക. മനസ്സിൽ നിന്നും അടിമത്വം വലിച്ചെറിയുക. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം പാർലമെന്റിൽ മുന്നറിയിപ്പ് ഇല്ലാതെ തന്നെ ഏത് ഭാരതീയ ഭാഷയിൽ വേണമെങ്കിലും സംസാരിക്കാം. ഇതാണ് ഭാരതമെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം തന്റെ ഭാഷാപരിമിതിയെ ട്രോളുന്നവരോട് ഒരു പരാതിയുമില്ലെന്ന് എ.എ റഹീം എം.പി പറഞ്ഞു. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒറ്റ ഭാഷയേ ഉള്ളൂവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ജനങ്ങളുടെ വിഷമത്തിന്റെയും സങ്കടത്തിന്റെയും ഭാഷ മനസിലാക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഭാഷ മെച്ചപ്പെടുത്തി അങ്ങോട്ടേക്ക് പോകാം എന്ന് തീരുമാനിക്കാൻ ആകില്ലല്ലോയെന്നും റഹീം ചോദിച്ചു.

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂവെന്നും അദ്ദേഹം പറഞ്ഞു. ‘അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.’ റഹീം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.