പി എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഈ മന്ത്രിസഭാ ഉപസമിതി പഠിക്കും. കരാറുമായി മുന്നോട്ടുപോകേണ്ടി വന്നാല്‍ എങ്ങനെയാണ് അപകടകരമായ അംശങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുക എന്നതുള്‍പ്പെടെ ഈ ഉപസമിതി പരിശോധിക്കും. കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ അത് സംബന്ധിച്ച തീരുമാനങ്ങള്‍ എന്താകാണം എന്നതുള്‍പ്പെടെ ഉപസമിതി ചര്‍ച്ച ചെയ്യും. സിപിഐയില്‍ നിന്നുള്ള അംഗത്തെക്കൂടി ഉള്‍പ്പെടുത്തിയാകും ഉപസമിതി രൂപീകരിക്കുക.
റവന്യൂമന്ത്രി കെ രാജന്‍ മന്ത്രിസഭാ ഉപസമിതിയിലുണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്നത്തെ നിര്‍ണായക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തന്നെ പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കാനിരിക്കുകയാണ്. പിഎം ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു.
എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ് നടനമ്‌നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി. കത്ത് നല്‍കിയാല്‍ മാത്രം പോരാ. കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണം. അങ്ങനെ നല്‍കുന്ന കത്ത് പരസ്യപ്പെടുത്തണം. അതായത് കത്ത് നല്‍കിയ വിവരം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരസ്യപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്.









