ന്യൂഡൽഹി ∙ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ മരിച്ചപ്പോൾ വീട്ടിലെത്തി അനുശോചിച്ച ബിജെപി എംപിമാരെ ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അതൃപ്തി അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള കമൽജീത് സെഹ്‌റാവത്ത്, രാംവീർ സിംങ് ബിധുരി, യോഗേന്ദർ ചന്ദോലിയ എന്നിവരെയാണ് വിളിച്ചുവരുത്തി അപ്രീതി അറിയിച്ചത്. 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിക്കവേയാണ് 20ന് സജ്ജൻ കുമാർ മരിച്ചത്.
എംപിമാരുടെ നടപടിയെ ബിജെപി നേതാവും സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്കായി വാദിച്ച അഭിഭാഷകനുമായ എച്ച്.എസ്.ഫുൽക്ക വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ എംപിമാരെ തള്ളി ബിജെപി വക്താവ് ആർ.പി.സിങ് രംഗത്തെത്തി.
സജ്ജൻ കുമാർ പ്രതിനിധീകരിച്ചിരുന്ന ഔട്ടർഡൽഹി ലോക്സഭാ മണ്ഡലം വിഭജിച്ച് രൂപീകരിച്ച സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് ഈ എംപിമാർ.









