Headlines

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്ക; കരാറിലെത്തിയതായി ട്രംപ്

വാഷിങ്ഷണ്‍: വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയതായാണ് ട്രംപ് വ്യക്തമാക്കിയത്. ഈ നീക്കത്തിലൂടെ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമായി വര്‍ധിക്കുമെന്നും എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ എണ്ണ വില ഗാലണിന് 4 ഡോളറിനു മേല്‍ വര്‍ധിച്ചിരിക്കെയാണ് ട്രംപിന്റെ നീക്കം. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി എണ്ണ വില നിയന്ത്രിക്കാനാണ് ട്രംപിന്റെ അടിയന്തര ഇടപെടല്‍.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കരാര്‍ വെനസ്വേലയുമായി അമേരിക്ക ഒപ്പുവെച്ചിരിക്കുന്നുവെന്ന് ട്രംപ് കുറിച്ചു. എന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവര്‍ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് ഈ ധാരണയായത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് കരാര്‍. അമേരിക്കന്‍ നികുതിദായകന് യാതൊരു ചെലവുമില്ലാതെ, വെനസ്വേലയിലെ 65 ബില്യണ്‍ ബാരലിലധികം വരുന്ന എണ്ണശേഖരത്തിന്മേല്‍ ഭൂരിഭാഗം നിയന്ത്രണവും അമേരിക്ക ഉറപ്പാക്കിയിരിക്കുന്നു – അദ്ദേഹം കുറിച്ചു.

ഈ ചരിത്രപരമായ ഇടപാട് അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമാക്കുമെന്നും ട്രംപ് പറഞ്ഞു. നമ്മുടെ എണ്ണ വിതരണം ഗണ്യമായി വര്‍ധിപ്പിക്കുകയും ഇന്ധനവില കാര്യമായി കുറയ്ക്കുകയും ചെയ്യും. വെനസ്വേലയെ സമൃദ്ധിയിലേക്കുമുള്ള പാതയില്‍ മുന്നോട്ട് നയിക്കാന്‍ കരാര്‍ സഹായിക്കും – അദ്ദേഹം കുറിച്ചു.

ഡെല്‍സി റോഡ്രിഗസും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ദേശീയ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കല്‍, ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി രാജ്യത്തിന്റെ വന്‍ വിഭവശേഖരത്തെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ഊര്‍ജ്ജോത്പാദന രംഗത്തെ ഒരു പ്രബല ശക്തിയെന്ന നിലയില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കാനും ഉന്നമിടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.