‘മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കും’; കൊളംബിയക്കും ക്യൂബയ്ക്കും ട്രംപിന്റെ ഭീഷണി

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കും ക്യൂബയ്ക്കും എതിരെ ഡോണൾഡ് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് കൊളംബിയ. മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികൾ കൊളംബിയയിലുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമാണത്തിൽ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. അതിനിടെ വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ വ്യക്തമാക്കി. ക്യൂബയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
അതേസമയം അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. അതേസമയം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു.

അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ന്യൂയോര്‍ക്കിലെ സ്റ്റുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിച്ചത്. അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ അമേരിക്കയില്‍ കുറ്റവിചാരണ ചെയ്യുക. ഭരണ മാറ്റം സാധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം നിയന്ത്രിക്കുന്നതിനൊപ്പം എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുമെന്നും എണ്ണവ്യവസായം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. ഡെല്‍സിയുടെ നിയമനത്തെ ട്രംപ് പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ നടപടികള്‍ അപകടകരമായ കീഴ് വഴക്കം സൃഷ്ടിച്ചുവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാസമിതി ഇന്ന് ചേരും.

അമേരിക്കന്‍ ആക്രമണത്തെ മാര്‍പാപ്പയും അപലപിച്ചു. വെനിസ്വേല സ്വതന്ത്രമായി തുടരണമെന്നും വെനിസ്വേലന്‍ ജനതയുടെ നന്മ വിജയിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രതികരിച്ചു. വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ കൊളംബിയ, ക്യൂബ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കു നേരെയും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.