കൊച്ചി ചെല്ലാനത്തെ വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തിൽ യുവാക്കളുടെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. പരുക്കേറ്റ യുവാക്കൾ സഞ്ചരിച്ചത് അമിത വേഗതയിൽ. ബൈക്കിന് പുറകിൽ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചുവെന്ന വാദവും കള്ളം. യുവാക്കൾ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന പരിശോധന ഫലവും പുറത്ത് വന്നു.
ചെല്ലാനം ഹാർബറിൽ കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തിൽ പോലീസിനെതിരെ ഗുരുതരാരോപണങ്ങളാണ് യുവാക്കൾ ഉന്നയിച്ചത്. പരിക്കുപറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും, പൊലീസ് കയ്യിൽ പിടിച്ച വലിച്ചു താഴെ ഇടുകയായിരുന്നു എന്നുമായിരുന്നു യുവാക്കളുടെ വാദം. എന്നാൽ ഈ വാദങ്ങളൊക്കെ തെറ്റാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. അപകടത്തിൽപ്പെട്ട യുവാവും സുഹൃത്തും ബൈക്കിൽ ആശുപത്രിയിലെത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നു.
പരുക്കേറ്റ യുവാവിനെ എത്തിച്ചത് അമ്പത് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ്. വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുവാക്കൾ ആലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . ഈ പരാതിയിൽ മേലും അന്വേഷണം നടക്കുകയാണ് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.






