ചെറുവത്തൂർ ( കാസർകോട്) ∙ റോഡരികിൽനിന്നു കിട്ടി, അതിഥിത്തൊഴിലാളി സ്റ്റേഷനിൽ ഏൽപിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ചു. പൊലീസിനു കളങ്കമുണ്ടാക്കിയ സംഭവത്തിൽ ചന്തേര സ്റ്റേഷനിലെ സിപിഒ, ബദിയടുക്ക നീർച്ചാൽ സ്വദേശിയായ തൈവളപ്പ് വീട്ടിൽ വൈ.ബൈജുവിനെ (41) അറസ്റ്റ് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തു.ഈമാസം 8ന് ആണ് സംഭവം. സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിക്കാണ് ഫോൺ കിട്ടിയത്. ഇയാൾ ഉടൻ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ഇതിലേക്കു വന്ന കോളിലൂടെ, ഫോൺ രാമന്തളി സ്വദേശിനിയുടേതാണെന്നു തിരിച്ചറിഞ്ഞു. പൊലീസ് അറിയിച്ചതനുസരിച്ച് ഇവരുടെ മകൻ എത്തിയപ്പോഴാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാതായ കാര്യം അറിയുന്നത്. പിന്നീടു വിളിക്കാമെന്നു പറഞ്ഞ് പൊലീസ് ഇയാളെ തിരിച്ചയച്ചു. ഫോൺ കാണാതായ വിവരം സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോൾ ഫോണിന്റെ ലൊക്കേഷൻ ബദിയടുക്ക ടൗണിലാണെന്നു വ്യക്തമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ നീർച്ചാൽ സ്വദേശിയെ ഫോണുമായി പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഫോൺ പൊലീസുകാരനിൽനിന്നു വാങ്ങിയതാണെന്നു വ്യക്തമായത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു മേശവലിപ്പിൽനിന്നു ഫോൺ എടുക്കുന്നതും സിം നശിപ്പിക്കുന്നതും സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
അതിഥിത്തൊഴിലാളി സ്റ്റേഷനിൽ ഏൽപിച്ച ഫോൺ മോഷ്ടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ








