ന്യൂഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ഫാഷൻ മോഡലായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാനെ (26) പൊലീസ് വെടിവച്ചു പിടികൂടി. ബുധനാഴ്ച നടന്ന സംഭവത്തിൽ മുസ്കാനാണു (21) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ജിം ട്രെയ്നറായിരുന്നു ഇമ്രാൻ. ഇയാളെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ വെടിവയ്പ്പ് ഉണ്ടായെന്ന് പൊലീസ് അറിയിച്ചു. ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി പ്രതി, കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകശേഷം ഇമ്രാൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ഇടപാടുകാരോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് 2 മാസം മുൻപ് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നതായി ജിമ്മിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഡിയു സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിനിയാണു മുസ്കാൻ. മംഗള ആശുപത്രിക്കു സമീപം കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു.








