Headlines

‘കൊന്നത് ചുറ്റികകൊണ്ട് അടിച്ച്’ ; ഊന്നുകൽ കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം

കോതമംഗലം ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷ് പൊലീസ് പിടിയിലായത്. ബംഗളൂരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വെച്ച് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.

കഴിഞ്ഞ മാസം 18-നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും, സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി. ഒളിവിൽ പോയ രാജേഷിന്റെ കാറും, ശാന്തയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.