ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
മറ്റു മത ചിഹ്നങ്ങൾ കാണുമ്പോ രോഷം തോന്നുന്ന ആൾക്കൂട്ടം ഉണ്ടാകാം. എന്നാൽ ഭരണ സംവിധാനങ്ങൾ അവർക്കൊപ്പം നിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
വിഷയത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ മതേതര സാഹചര്യത്തിന് ഭീഷണിയാകുന്ന കാര്യം. ഇത് നാളെ എല്ലാ മത വിശ്വാസികൾക്കും അപകടകരമായ സാഹചര്യമുണ്ടാക്കും. സിലബസുകളിൽ പോലും വർഗീയത വളർത്തുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസും മതേതര പാർട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോൾ കേട്ടു കേൾവിയില്ലാത്ത സംഭവമാണിത്. മത പരിവർത്തനം നടത്തിയോ ഇല്ലയോ എന്ന് പോലും പരിശോധിക്കാതെ വകുപ്പ് ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ പോലും പച്ചയ്ക്ക് വർഗീയത പറയുന്ന സാഹചര്യത്തിലേക്ക് പോയി എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാദിയെ പ്രതിയാക്കുന്ന സമീപനവും പ്രതികൾക്ക് സംരക്ഷണം നൽകുന്ന നിലപാടും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്മസിന് കേക്കുമായി അരമനകളിൽ കയറി ഇറങ്ങുന്നവരുടെ മനസ്സിൽ വർഗീയതയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.