ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം നടന്ന മാഞ്ചസ്റ്റര്‍ മൈതാനത്ത് നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. നാലാം ടെസ്റ്റിനിടെ ബെന്‍ സ്റ്റോക്സ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാനായി ഓടിയെത്തുകയും എന്നാല്‍ താരങ്ങളായ വാഷിങ്ടണ്‍സുന്ദറും രവീന്ദ്ര ജഡേജയും അത് നിരസിക്കുകയും ചെയ്തതോടെയാണ് ഷെയ്ക്ഹാന്‍ഡ് വിവാദനം ഉടലെടുത്തത്. മത്സരത്തിന്റെ അവസാന ദിവസത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി ഇത് മാറി. നേരത്തെ ഈ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഹസ്തദാനം ചെയ്യാനും സമനില സ്വീകരിക്കാനും ഇംഗ്ലണ്ട് നായകന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ താരങ്ങള്‍ ബെന്‍സ്‌റ്റോക്‌സിന്റെ താല്‍പ്പര്യം നിരസിക്കുകയും കളി തുടരുകയും സെഞ്ച്വറി പൂര്‍ത്തിയാക്കുകയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങളെ അവഗണിച്ചിട്ടില്ലെന്നാണ് ഇംഗ്ലണ്ട് ടീം അധികൃതര്‍ പറയുന്നത്. മത്സരം അവസാനിച്ചപ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനും അജയ് ജഡേജക്കും സ്റ്റോക്സ് ഹസ്തദാനം ചെയ്യുന്നതായി വ്യക്തമാക്കുന്ന ഒരു പുതിയ വീഡിയോ ടീം ഇംഗ്ലണ്ടിന്റെ ഒദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബെന്‍ സ്റ്റോക്സ് രവീന്ദ്ര ജഡേജയുമായും വാഷിംഗ്ടണ്‍ സുന്ദറുമായും ഹസ്തദാനം ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ആര്‍ക്കും…’ എന്ന അടിക്കുറിപ്പോടെയാണ് ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മി എന്ന അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
നേരത്തെ മത്സരശേഷം ഇരു ടീമംഗങ്ങളും തമ്മിലുള്ള പതിവ് ഹസ്തദാനത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയില്‍ ജഡേജക്കും സുന്ദറിനും ഹസ്തം നല്‍കാതെ കടന്നുപോകുന്ന ബെന്‍ സ്റ്റോക്‌സിന്റെ നടപടി വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇംഗ്ലീഷ് താരം ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതും താരങ്ങളെ അവഗണിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ചിലര്‍ ഇതിനെ ഇന്ത്യ നേരത്തെ നല്‍കിയ ടോസ് ഓഫര്‍ നിരസിച്ചതിനുള്ള പ്രതികരണമായി വരെ വ്യാഖ്യാനിച്ചിരുന്നു. ഇതിനിടെയാണ് ബെന്‍സ്‌റ്റോക്‌സിനെ പിന്തുണച്ചുകൊണ്ട് ടീം ഇംഗ്ലണ്ട് രംഗത്തെത്തിയിരിക്കുന്നത്.