ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഫോറൻസിക് ഫലം ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും.
അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പോലീസിന് പരാതി നൽകിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് അതുല്യ മരിച്ചത്. ഭർത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങൾ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
മദ്യപിച്ച് വീട്ടിലെത്തിയ ശേഷം തന്നെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കൾ അറിയുന്നത്. അതുല്യയുടെ പതിനേഴാമത്തെ വയസിലാണ് സതീഷുമായി വിവാഹം ഉറപ്പിച്ചത്. നിശ്ചയമടക്കം നടത്തിയ ശേഷം പിന്നീട് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു.