ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ ഏഴുപേര്‍ മരിച്ചു

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ദുരന്തനിവാരണ സേന നടത്തിയ തെരച്ചലിലാണ് കുളുവില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ഹിമാചലില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

നന്ദപ്രയാഗിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. മഴക്കെടുതി നേരിടാന്‍ മുഖ്യമന്ത്രി സൂഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ നേതൃത്വത്തില്‍ ഉന്നതല അവലോകനയോഗം ചേര്‍ന്നു.ഉത്തരാഖണ്ഡില്‍ അടുത്ത 24 മണിക്കൂര്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി നിര്‍ദേശം നല്‍കി. അതിനിടെ പുരാവസ്തു വകുപ്പ് നടത്തിയ തെര്‍മല്‍ സ്‌കാനിംഗില്‍ താജ്മഹലിന്റെ താഴികകുടത്തില്‍ വിള്ളല്‍ കണ്ടെത്തി. സംരക്ഷിത സ്മാരകങ്ങളില്‍ നടത്തുന്ന പതിവ് പരിശോധനയിലാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌നം ഗുരുതരമല്ലെന്നും വിള്ളല്‍ അടയ്ക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയതായും പുരാവസ്തു വകുപ്പ് അറിയിച്ചു.