Headlines

സമീക്ഷ യുകെ രണ്ടാം നേതൃത്വ പരിശീലന ക്യാമ്പിന് സമാപനം

യുകെയിലെ പ്രമുഖ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കോവന്‍ട്രിയിലെ സെയിന്റ് ഓസ്ബര്‍ഗ് കാത്തലിക് ഹാളില്‍ വച്ച് ഏപ്രില്‍ 25ന് നടന്നു. സംഘടനയുടെ 15 യൂണിറ്റുകളില്‍ നിന്നായി 70 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍ ഏവരെയും സ്വാഗതം ചെയ്തു . ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്‌കാരിക സംഘടനകള്‍ ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു. വലതുപക്ഷ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും, ആദര്‍ശശുദ്ധിയുള്ള നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്നും നിര്‍ദ്ദേശിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്, പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. പ്രേംകുമാര്‍, ഡോ. വി.പി.പി. മുസ്തഫ എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. 2024ല്‍ തിരഞ്ഞെടുത്ത ഭരണസമിതിയുടെ കാലാവധി സമാപിക്കുന്ന 2026 നവംബര്‍ 30 നുള്ളില്‍ നാട്ടില്‍ നിന്നും പ്രതിനിധികളെ പങ്കെടുപിച്ചുകൊണ്ട് ദേശീയ സമ്മേളനം നടത്താനും അതുവരെ വിവിധ കലാ കായിക പരിപാടികളുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു പോകാനും തീരുമാനിച്ചു . യുകെയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുമായി 70 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.