ബംഗളുരുവില്‍ കോവിഡ് അതിശക്തമായ പടര്‍ന്നു പിടിക്കുന്ന സ്ഥിതിയിലാണ്. ഈ മാസത്തിന്റെ ആരംഭം മുതല്‍ ഇതുവരെ ബംഗളുരുവില്‍ 10 വയസ്സിന് താഴെയുള്ള 470 ലധികം കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 1 മുതല്‍ 26 വരെയുള്ള കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം കുട്ടികള്‍ രോഗബാധിതരായി എന്ന കണ്ടെത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 244 ആണ്‍കുട്ടികളും 228 പെണ്‍കുട്ടികളും രോഗം ബാധിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കിടയിലെ കേസുകള്‍ ദിവസേന എട്ട് മുതല്‍ ഒമ്പതു വരെ ആയിരുന്നുവെങ്കിലും മാര്‍ച്ച് 26 ല്‍ ഇത് 46 ആയി ഉയര്‍ന്നിട്ടുണ്ട്.
ചില വിദഗ്ധരുടെ അഭിപ്രായത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെ ഇപ്പോള്‍ രക്ഷകര്‍ത്താക്കള്‍ വ്യാപകമായി വീട്ടില്‍ നിന്നും ആളുകള്‍ ഒത്തുചേരുന്ന ഇടങ്ങളിലുള്‍പ്പെടെ കൂട്ടിക്കൊണ്ടുപോകുന്നു. അതുപോലെ തന്നെ ഒരു നിശ്ചിത ക്ലാസുകള്‍ തങ്ങളുടെ അധ്യായന കാലം പുനരാരംഭിച്ചതും വൈറസിന്റെ വ്യപനം വര്‍ധിക്കാന്‍ കാരണമായി. ലോക്ഡൗണ്‍ കാരണം നേരത്തെ സ്കൂളുകളും മറ്റും തുറക്കാതിരുന്നതിനാല്‍ കോവിഡിന്റെ വ്യാപനം കുട്ടികളിലേക്ക് പടരുന്നതിനെ ചെറുത്തു നിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ സ്കൂളുകള്‍ തുറന്നതിലൂടെ വ്യാപനത്തിന്റെ തോത് വര്‍ധിച്ചെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ പ്രഫസറും ലൈഫ്കോഴ്സ് എപ്പിഡമോളജിയുടെ തലവനുമായ ഡോ. ഗിരിധര്‍ ആര്‍ ബാബു അഭിപ്രായപ്പെട്ടു.
പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ നിലവില്‍ സ്ക്കൂളുകളില്‍ പോകുന്നില്ലെങ്കിലും പാര്‍ക്കുകള്‍ പോലുള്ള കളിസ്ഥലങ്ങളില്‍ എത്തുന്നതുമൂലം വൈറസ് വാഹകരായ മറ്റു കുട്ടികളുമായി അവര്‍ ബന്ധപ്പെടാന്‍ കാരണമാകുന്നുണ്ട്. ശാരീരിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും കുട്ടികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ കുട്ടികളില്‍ എളുപ്പത്തില്‍ വൈറസ്ബാധയുണ്ടാകാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വൈറസിന്റെ വ്യപനം കുട്ടികളിലേക്കെത്തുന്നതു തടയുന്നതാനായി പത്താം ക്ലാസ് പോലുള്ള പൊതുപരീക്ഷകള്‍ എഴുതുന്ന കുട്ടികളെ മാറ്റിനിര്‍ത്തി മറ്റുള്ള ക്ലാസുകള്‍ അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ടിലൂടെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.