Headlines

ജി സുധാകരനെ അധിക്ഷേപിച്ചു; ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം

ജി സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം. അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. നവമാധ്യമങ്ങളിൽ അധിക്ഷേപ കമന്റ് ഇട്ടതായി ജി സുധാകരൻ പാർട്ടിക്ക് പരാതിയായി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റുകൾ ഇട്ടിരുന്നു.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് അധിക്ഷേപക്കുറിപ്പുമായി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം മിഥുൻ അമ്പലപ്പുഴ എത്തിയത്. പിന്നാലെ സുധാകരൻ പരാതി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

മുതിർന്ന നേതാവിനെ പരസ്യമായി അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചിട്ടും ലോക്കൽ കമ്മറ്റി അംഗത്തോട് ഒരു വിശദീകരണം പോലും അന്ന് പാർട്ടി നേതൃത്വം തേടിയിരുന്നില്ല. പാർട്ടിയിലെ പോളിറ്റിക്കൽ ക്രിമിനലുകൾക്കും ലഹരി മാഫിയക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.