Headlines

ധനുഷ് രാഷ്ട്രീയത്തിലേക്ക്? ബിജെപിയുടെ ‘ഓപ്പറേഷൻ ഡി’; തുടക്കത്തിലെ പ്രതിരോധിക്കാൻ ടിവികെ

ചെന്നൈ ∙ നടൻ ധനുഷ് രാഷ്ട്രീയത്തിൽ സജീവമാകുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങി രാഷ്ട്രീയ പാർട്ടികൾ. ധനുഷിന്റെ നീക്കങ്ങളെ ബിജെപിയുടെ ‘ഓപ്പറേഷൻ ഡി’ എന്നു വിശേഷിപ്പിച്ചു കോൺഗ്രസ് രംഗത്തെത്തി. ആരോപണങ്ങളുമായി ടിവികെ നേതാക്കളും സജീവമാണ്. ധനുഷ് നർപ്പണി മൻറം എന്ന ഫാൻസ് അസോസിയേഷൻ അടുത്തയിടെ ‘ധനുഷ് നർപ്പണി ഇയക്കം’ എന്നു പേരുമാറ്റി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള സംഘടനയായി മാറ്റിയിരുന്നു. വിജയ് പിന്തുടർന്ന മാതൃകയിലുള്ള ധനുഷിന്റെ പ്രവർത്തനങ്ങളാണു തമിഴകത്തെ രാഷ്ട്രീയ പാർട്ടികളെ അസ്വസ്ഥമാക്കുന്നത്.

വിജയിനു രാഷ്ട്രീയ എതിരാളിയാകാനുള്ള കരുത്തു ധനുഷിനില്ലെന്നാണു ടിവികെ നേതാക്കളുടെ പ്രതികരണം. ഡൽഹിയിലെ ഉന്നത നേതൃത്വമാണു ധനുഷിന്റെ നീക്കങ്ങൾക്കു പിന്നിലെന്നു ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന ആരോപിച്ചു. ധനുഷിന് ഒരിക്കലും വിജയിന്റെ എതിരാളിയാകാൻ കഴിയില്ലെന്നു ധനമന്ത്രി എൻ.മരിയ വിൽസണും പ്രതികരിച്ചു.

ധനുഷിന്റെ നീക്കങ്ങൾ ബിജെപിയുടെയും ആർഎസ്എസിന്റെയും ‘ഓപ്പറേഷൻ ഡി’ അല്ലെങ്കിൽ ‘പ്ലാൻ സി’ എന്ന രഹസ്യ തന്ത്രമെന്നാണു കോൺഗ്രസ് അധ്യക്ഷൻ ബി.മാണിക്യം ടഗോർ പറയുന്നത്. കഴിഞ്ഞദിവസം ധനുഷിന്റെ നർപ്പണി ഇയക്കം നടത്തിയ വനിതാ വിഭാഗത്തിന്റെ പരിപാടിയിൽ നാലു മണിക്കൂറോളം താരം ചെലവഴിച്ചിരുന്നു. ചടങ്ങിൽ വിതരണം ചെയ്ത സമ്മാനത്തിൽ താമര ചിഹ്നം ആലേഖനം ചെയ്തിരുന്നെന്നും ആരോപണമുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ രീതിയിൽ യോഗം സംഘടിപ്പിച്ചതിനാലാണു ഭരണപക്ഷം പ്രതികരണവുമായി രംഗത്തെത്തിയത്. വിജയിനു രാഷ്ട്രീയത്തിലേക്കു വരാമെങ്കിൽ ധനുഷിനും വരാമെന്നാണു ഡിഎംകെ മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന എസ്.രഘുപതി അഭിപ്രായപ്പെട്ടത്. അണ്ണാഡിഎംെക മുതിർന്ന നേതാവ് കെ.ടി.രാജേന്ദ്ര ബാലാജി ധനുഷിനെ പാർട്ടിയിലേക്കു ക്ഷണിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന ധനുഷിന്റെ സിനിമകളും അദ്ദേഹം പരാമർശിച്ചു.