Headlines

‘ആ ശക്തിക്ക് കൃത്യമായ ലക്ഷ്യം നൽകണം; കൂടുതൽ അഭിമാനം തോന്നണം’: ധനുഷും രാഷ്ട്രീയത്തിലേക്ക് ?

 

ചെന്നൈ ∙ തമിഴ് നടൻ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി സൂചന. ആരാധകരുടെ ഒത്തൊരുമ ജനസേവനത്തിനായി വിനിയോഗിക്കണമെന്ന് താരം ആവശ്യപ്പെട്ടതോടെയാണ് തമിഴകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. ഞായറാഴ്ച തന്റെ ആരാധക കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ സംസാരിക്കവെയാണ്, സിനിമാപരമായ ആഘോഷങ്ങൾക്കപ്പുറം സമൂഹത്തിൽ സജീവമായി സേവനപ്രവർത്തനങ്ങൾ നടത്താൻ ധനുഷ് ആഹ്വാനം ചെയ്തത്.‘‘ഇത്രയധികം ആളുകൾ ഒരുമിച്ച് ഒത്തുകൂടിയിരിക്കുന്നു. ഈ ഒരുമയ്ക്ക് വലിയൊരു ശക്തിയുണ്ട്. നമ്മൾ ആ ശക്തിക്ക് കൃത്യമായ ഒരു ലക്ഷ്യം നൽകണം. ഓഡിയോ ലോഞ്ചുകൾക്കും ഒത്തുചേരലുകൾക്കും അപ്പുറം, നമ്മൾ കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെയും ചുറ്റുമുള്ള കുടുംബങ്ങളുടെയും ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കി അവരെ സഹായിക്കുക. നിങ്ങൾക്ക് കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ അവർക്കായി ചെയ്യുക. നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു’’ – ധനുഷ് പറഞ്ഞു.പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയാണെന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്. വിജയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാമെങ്കിൽ തനിക്കെന്താ എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകാം എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. രാഷ്ട്രീയത്തിലേക്ക് സ്വാഗതം ധനുഷ്, തമിഴ്‌നാടിന് ആവശ്യം അധികാരം കൊതിക്കുന്ന നടന്മാരെയല്ല, മറിച്ച് വിദ്യാഭ്യാസവും അച്ചടക്കവും ധീരതയുമുള്ള ശബ്ദങ്ങളാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.