മുന്നാറിലെ ഡബിൾ ഡക്കർ ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ. മൂന്നാർ KSRTC ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്. വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസ്സിന്റെ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.മൂന്നാറിലെ പ്രകൃതി ഭംഗി ആസ്വദിക്കാനായി KSRTC ഒരുക്കിയ ബസാണ് ഇത്.
400 രൂപയാണ് ടിക്കറ്റ് ചാർജ്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്ന് മൂന്നാറിലേക്ക് പോകവേ ബസ് യാത്രക്കാരിയിൽ നിന്നുമാണ് കണ്ടക്ടർ പൈസ വാങ്ങിയത്. പണം വാങ്ങി ടിക്കറ്റ് കൊടുക്കാൻ തയ്യാറായില്ല. ബസിൽ ഉണ്ടായിരുന്ന വിജിലൻസ് സംഘം ഉടൻ നടപടിയെടുക്കുകയായിരുന്നു. ഇതിന് മുമ്പും പ്രിൻസ് ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയിരുന്നുവെന്നാണ് പരാതി.