Headlines

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കൊച്ചി∙ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഫാ.തോമസ് ആനിമൂട്ടിലിനെ സീറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. 2026 ഓഗസ്‌റ്റ് 17 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച മെത്രാൻ സിനഡാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഫാ.തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പിന്റെ കൽപന മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. മേജർ ആർച്ച് ബിഷപ്പും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടും ചേർന്നു ഫാ.തോമസ് ആനിമൂട്ടിലിനെ മെത്രാന്റെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു. നിയുക്ത മെത്രാന്റെ സ്‌ഥാനാരോഹണ തീയതി പിന്നീട് അറിയിക്കും.

കോട്ടയം അതിരൂപതയിലെ പയ്യാവൂർ സെന്റ് ആൻസ് ക്‌നാനായ ഇടവകയിൽ പരേതരായ ജോസഫ് ഏലി ദമ്പതികളുടെ മകനായി 1962 ജനുവരി 13നു ജനിച്ച തോമസ് ആനിമൂട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയുടെ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽനിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം 1989 ഏപ്രിൽ 13-ാം തീയതി അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. നിലവിൽ അതിരൂപതയുടെ പ്രോ പ്രോട്ടോസിഞ്ചെല്ലൂസായി ശുശ്രൂഷ ചെയ്‌തു വരുമ്പോഴാണ് പുതിയ നിയോഗം അദ്ദേഹത്തിന് ലഭിക്കുന്നത്.