ഭർത്താവിന്റെ മർദനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന്
കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷിംനയുടെ പിതാവ് . ഷിംന ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൈക്കലാക്കാൻ ഭർത്താവ് ശ്രമിച്ചു. മകളോട് ചെയ്തത് ക്രൂരതയെന്നും പിതാവ് രാമനാഥൻ പറഞ്ഞു.
വെളളിയാഴ്ച രാത്രിയാണ് ഷിംനയെ ഗോതീശ്വരത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പ്രശാന്ത് മദ്യപിച്ചെത്തി പലപ്പോഴും മകളെ ക്രൂരമായി മർദിച്ചിരുന്നെന്നാണ് പിതാവ് രാമനാഥൻ പറയുന്നത്. പ്രശാന്തിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് തന്റെ മകൾ ആത്മഹത്യ ചെയ്തത്. തങ്ങൾക്ക് നീതി വേണമെന്ന് ആവർത്തിക്കുകയാണ് രാമനാഥൻ. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മാറാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.