Headlines

ജയിൽ ചാട്ടം; ‘ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല’; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വിശദമായ മൊഴി രേഖപ്പെടുത്താൻ തടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചത്.

നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്ന് കണ്ടെത്തൽ. ജയിലിന് പുറത്തും സഹായം ലഭിച്ചില്ല. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല. പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്. മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

ജയിൽ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ​ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്.