വയനാട് പനവല്ലി അപ്പപ്പാറയില്‍ കാട്ടിനുള്ളില്‍ വയോധികയുടെ മൃതദേഹം. ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനിയാണ് മരിച്ചത്. കാട്ടാന ആക്രമണം മൂലമാണ് മരണമെന്നാണ് സൂചന. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇവര്‍ രാത്രി വനത്തിലേക്ക് പോയതായാണ് സംശയിക്കുന്നത്
പനവല്ലി – അപ്പപ്പാറ റോഡിനോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വനം വകുപ്പ് വാച്ചര്‍മാരാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം എന്നാണ് സൂചന.
കമ്പളക്കാട് പറളിക്കുന്ന് ആലൂര്‍ സ്വദേശിയാണ് ഇവര്‍. നിലവില്‍ അപ്പപ്പാറ പനവല്ലിയില്‍ മകള്‍ പ്രിയയോടൊപ്പം ആണ് താമസിക്കുന്നത്. ഇന്നലെ രാത്രിയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. റോഡില്‍ വച്ച് കാട്ടാനയെ കണ്ട് വനത്തിലേക്ക് ഓടിയതാകാം എന്നും സൂചന ഉണ്ട്.







