ജീവനക്കാര്‍ ആശുപത്രി അടച്ചിട്ട് ക്രിസ്മസ് അവധിയെടുത്തു; രോഗികള്‍ വലഞ്ഞു; നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ അവധിയെന്ന് ബോര്‍ഡ്

കാസര്‍ഗോഡ് നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രം ക്രിസ്മസ് ദിനത്തില്‍ അടച്ചിട്ടതായി പരാതി. ഇന്ന് അവധിയെന്ന് ആശുപത്രിയ്ക്ക് മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു. ഡോക്ടര്‍ എത്തിയിട്ട് പോലും ആശുപത്രി ജീവനക്കാര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നടന്നില്ല.

ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിയ രോഗികള്‍ ഇന്ന് അവധിയാണെന്ന ബോര്‍ഡ് കണ്ടത്. നീലേശ്വരം തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരുടെ ഭാഗത്തുനിന്നാണ് നിരുത്തരവാദപരമായ ഈ നടപടിയുണ്ടായത്. അടിയന്തര ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ആശുപത്രിയിലെത്തിയ സാധാരണക്കാര്‍ക്കാണ് നിരാശരായി മടങ്ങേണ്ടി വന്നത്. ഈ ആശുപത്രിയല്ലാതെ പാവപ്പെട്ടവര്‍ക്ക് മറ്റേത് ആശുപത്രിയാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം.

പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ കൂടുതലായി ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ക്രിസ്മസ് ദിനമാണെന്ന കാരണം പറഞ്ഞ് ഇന്ന് പ്രവര്‍ത്തിക്കാതിരുന്നത്. പതിവുപോലെ ഡോക്ടര്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെങ്കിലും വാതിലുകളും ഗ്രില്ലും ഉള്‍പ്പെടെ അടച്ചിട്ട നിലയിലായിരുന്നു. ജീവനക്കാരെ വിളിച്ചിട്ടും അവര്‍ എത്താത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഡോക്ടറും മടങ്ങിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ബന്ധപ്പെടുകയും ജീവനക്കാര്‍ ആശുപത്രിയിലെത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.