Headlines

‘സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ല’; സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ ശക്തമായി എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എസ്‌ഐആറിന് എതിരെ കേരളവും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക. ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും.

ഹര്‍ജികളില്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി സുപ്രീംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പുറമേ സിപിഐഎം സിപിഐ കോണ്‍ഗ്രസ് മുസ്ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരാണ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.എസ്‌ഐആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിക്കും.