തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐയും സുപ്രിംകോടതിയിലേക്ക്. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ എസ്‌ഐആറിനെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള കാര്യങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെക്കൂടിയാണ് നടപടി.
സിപിഐഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തിരുന്നു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ നാളെ പരിഗണിക്കാം എന്ന് അറിയിച്ചത്.
കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തും എന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു. കേരളത്തില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.









