സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഇന്ന് തുടങ്ങും. ഇന്ന് മുതല്‍ എനുമറേഷന്‍ ഫോമിന്റെ പ്രിന്റിംഗ് നടക്കും. മൂന്നാം തീയതി വരെയാണ് പ്രിന്റ്റിംഗ്. അതിന് ശേഷം ബിഎല്‍ഒമാര്‍ വഴി ഫോമുകള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കും. എസ്‌ഐആര്‍ നടപടികളെ എതിര്‍ക്കുമെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. നാളത്തെ യോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനാണ് പാര്‍ട്ടികളുടെ നീക്കം. നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അടുത്തയാഴ്ച ആദ്യം തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. ഇതുവരെയുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെങ്കിലും ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് എസ്‌ഐആര്‍ ജോലികളും ചെയ്യേണ്ടത്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കളക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
അതേസമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വൈകീട്ട് 4 മണിക്കാണ് യോഗം. സര്‍വ്വകക്ഷി യോഗത്തിന് മുമ്പായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന യോഗം ചേരും. ബംഗാളില്‍ എസ്‌ഐആര്‍ അനുവദിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം നല്‍കിയത് വിവാദമായി. 17 ജില്ലാ മജിസ്‌ട്രേട്ടുമാര്‍ ഉള്‍പ്പെടെ 235 ഉദ്യോഗസ്ഥരെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. നടപടിയില്‍ ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കമ്മീഷന്റെ അനുമതിയില്ലാത്ത നടത്തിയ സ്ഥലം മാറ്റങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.







