Headlines

‘ജയിൽച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ല’; ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. ജയിൽച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദച്ചാമി ആവർത്തിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കും. ജയിൽച്ചാട്ട ദൃശ്യങ്ങൾ പുറത്തുവന്നതിലും അന്വേഷണം നടക്കും.

ഈ മാസം ഒന്നിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. കണ്ണൂർ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. നിലവിലെ അന്വേഷണ സംഘം കേസ് ഫയൽ നൽകാൻ വൈകിയതിനാലാണ് കേസ് അന്വേണം തുടങ്ങാൻ വൈകിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടമായാണ് വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്. എന്നാൽ നേരത്തെയുണ്ടായിരുന്ന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്ന അതേ കാര്യങ്ങൾ തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോടും ​ഗോവിന്ദച്ചാമി ആവർത്തിച്ചത്. ​ഗോവിന്ദച്ചാമി പറഞ്ഞകാര്യങ്ങൾ അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ ജയിൽ‌ ചാടുന്നതിനായി സെൽ മുറിക്കാൻ കണ്ടെടുത്ത ആയുധത്തിൽ സംശയമുണ്ട്. മറ്റേതെങ്കിലും ആയുധം ഉപയോ​ഗിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഇതിൽ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാ​ഗത്ത് നിന്നുണ്ടാകും.