പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തം; 13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല

 

പതിമൂന്ന് ദിവസത്തെ തുടർച്ചയായ ആക്രമണ – പ്രത്യാക്രമണങ്ങൾക്ക് ഒടുവിൽ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ശാന്തം.തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങൾക്ക് ശേഷം കഴിഞ്ഞ രാത്രി പുതിയ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.

 

 

ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ “ഇറാൻ സമാധാനപരമായ ഒരു രാത്രിയാണ് പിന്നിട്ടത്” എന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

 

ഇറാനുമായുള്ള ചർച്ചകൾ കൂടുതൽ ഗൗരവതരമായി പുരോഗമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയെങ്കിലും, ഇറാൻ ഇത് തള്ളി. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം ഇറാനിലെത്തി.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള സമീപകാല സംഘർഷങ്ങളും, സൗദി അറേബ്യയും യെമനിലെ ഇറാൻ-പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുണ്ടായ വെടിവയ്പും കാരണം മേഖലയിൽ ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്.