Headlines

‘SIR നടപടികൾക്കായി കുട്ടികളെ ബുദ്ധിമുട്ടിക്കില്ല; കുട്ടികൾക്ക് വീടുകയറേണ്ട ആവശ്യമില്ല’; ജില്ലാ കളക്ടർ

എസ്ഐആർ നടപടികൾക്കായി കുട്ടികളെ ബുദ്ധിമുട്ടിക്കില്ലെന്നും ഡിജിറ്റലൈസേഷനാണ് വിദ്യാർത്ഥികളെ ഉപയോഗിക്കുകയെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. കോളജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഉപയോഗിക്കുക. കുട്ടികൾക്ക് വീടുകയറേണ്ട ആവശ്യമില്ല. ഇക്കാര്യങ്ങൾ വിദ്യാഭ്യാസമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

സ്കൂൾ കുട്ടികളേക്കാൾ കോളജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഉപയോഗിക്കുകയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ടിരുന്നു. ഇക്കാര്യത്തിലാണ് ജില്ലാ കളക്ടർ വ്യക്തത വരുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ബുദ്ധിമുട്ടേറിയ പ്രദേശമാണ്. ബിഎൽഒമാർ കണ്ടുപിടിക്കാത്ത ആളുകൾ ഇപ്പോഴും ഉണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ റെസിഡൻസ് അസോസിയേഷന്റെ സഹായം തേടും. 28വരെ ബൂത്തുതലത്തിൽ കളക്ഷൻ ക്യാമ്പുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പരമാവധി ബി എൽ ഒ മാരുമായി സംസാരിക്കുന്നുണ്ട്. ജോലി സമ്മർദ്ദമടക്കം ചർച്ച ചെയ്ത് പരിഹരിക്കുന്നു. ജില്ലയിൽ 35 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടെന്ന് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.