Headlines

പി.കെ.ഇന്ദിരയുടെ നിക്ഷേപം റിട്ടയർമെന്റ് ആനുകൂല്യമോ? ഇ.പിയുടെ ഭാര്യയ്‌ക്കെതിരെ വീണ്ടും ആരോപണം

കണ്ണൂർ∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും ഭാര്യ പി.കെ.ഇന്ദിരയ്‌ക്കുമെതിരെ വീണ്ടും ആരോപണവുമായി ജയരാജന്റെ സഹോദരീപുത്രൻ ഇ.പി.ശ്യാംജിത്. പി.കെ. ഇന്ദിര കണ്ണൂർ ആയുർവേദ റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ശ്യാംജിത് ചോദിച്ചു.

‘കേരള ബാങ്കിൽ ജോലി ചെയ്ത് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ? ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകൾ ഇനിയും പുറത്തുവരാനുണ്ട്. ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ…’ – പോസ്റ്റിൽ പറയുന്നു.

ആയുർവേദ റിസോർട്ട് സ്ഥാപിക്കാൻ ഇ.പി.ജയരാജനും ഭാര്യ പി.കെ.ഇന്ദിരയും സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്തായിൽനിന്നു പണം വാങ്ങിയെന്ന് ശ്യാംജിത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജയരാജന്റെ കൈപ്പടയിലെഴുതിയ കണക്കെന്ന വിശദീകരണവുമായി ഒരു കുറിപ്പടിയുടെ ചിത്രവും ശ്യാംജിത് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. തനിക്കോ കുടുംബത്തിനോ ശശിധരൻ കർത്തായുമായി ബന്ധമില്ലെന്നും ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണമാണ് റിസോർട്ടിലെ നിക്ഷേപമെന്നും ജയരാജൻ പറ‍ഞ്ഞു.